വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന തെലുങ്ക് സൂപ്പർസ്റ്റാറാണ് നന്ദമൂരി ബാലകൃഷ്ണൻ.
വേദിയിലെ ബാലയ്യയുടെ മോശം പെരുമാറ്റം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടി അഞ്ജലിയോട് മോശമായി പെരുമാറുന്ന ബാലയ്യയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത് . നീങ്ങി നിൽക്കാൻ പറഞ്ഞത് നടി കേൾക്കാതിരുന്നതോടെ ബാലയ്യ താരത്തെ പിടിച്ച് തള്ളുകയായിരുന്നു.

ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിന്റെ പരിപാടിയിൽ നന്ദമൂരി ബാലകൃഷ്ണനാണ് മുഖ്യാതിഥിയായി എത്തിയത്. വേദിയിൽ വച്ച് ഫോട്ടോ എടുക്കുന്നതിനിടെ അഞ്ജലിയോട് മാറി നിൽക്കാൻ നടൻ ആവശ്യപ്പെട്ടു. എന്നാൽ ബാലയ്യ പറയുന്നത് അഞ്ജലി കേട്ടില്ല. ഇതോടെ പ്രകോപിതനായ താരം നടിയെ പിടിച്ച് തള്ളുകയായിരുന്നു. നടന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ നടി ഞെട്ടി. കൂടാതെ അടുത്തു നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും അമ്പരന്നു. എന്നാൽ നടി അതിനെ കാര്യമായിട്ടെടുക്കാതെ തമാശയാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായി മാറുകയാണ്. അതേസമയം നടൻ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്. താരം സദസ്സിൽ ഇരുന്ന സോഫയ്ക്ക് അടുത്തായി വെള്ള കുപ്പിക്കൊപ്പം ചെറിയ കുപ്പിയിൽ മറ്റൊരു ദ്രാവകവും കാണാം. ഇതാണ് ആരോപണത്തിന് കാരണം.
സോഷ്യല്‍ മീഡിയയിൽ വലിയ പ്രതിഷേധമാണ് ബാലകൃഷ്ണയ്ക്കെതിരെ ഉയരുന്നത്. സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ബാലകൃഷ്ണ പെരുമാറിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നടന്റെ പെരുമാറ്റത്തിനെതിരെ ആരും രംഗത്തു വരാത്തതും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.